ആരോഗ്യകരമായ ഒരു വൈവാഹിക ബന്ധം എങ്ങനെ വികസിപ്പിക്കാം.
പലരുടേയും കല്യാണം കഴിഞ്ഞു അവരുടെ ജീവിതം മുന്നോട്ടുപോകുന്നു. പക്ഷേ മുന്നോട്ടുപോകുംതോറും അത് എത്രത്തോളം ആരോഗ്യകരമായാണ് പോകുന്നത്? …

നിങ്ങൾ അവന്റെ / അവളുടെ രക്ഷിതാവ് മാത്രമല്ല, റോൾ മോഡൽ കൂടിയാണ്

രക്ഷാകർതൃത്വം എന്നത് നമുക്ക് ലഭിക്കാവുന്ന ഏറ്റവും സംതൃപ്തമായ ജോലിയാണ്, എന്നാൽ ഏറെ വെല്ലുവിളികൾ നിറഞ്ഞതുമാണ്. പ്രത്യേകിച്ച് കുടുംബ പശ്ചാത്തലങ്ങൾക്കെല്ലാം പുതിയ രൂപവും ഭാവവുമെല്ലാം കൈവരുന്ന സമകാലിക സാഹചര്യത്തിൽ ‘പേരന്റിംഗ്’ എന്നത് ദമ്പതികൾ പലപ്പോഴും ആകുലതയോടെ നോക്കി കാണുന്ന ഒന്നാണ്. കൂടുമ്പോൾ ഇമ്പമുണ്ടാകേണ്ടതാണ് കുടുംബം-  എന്നാൽ പലപ്പോഴും നമ്മുടെ ചുറ്റുമുള്ള കുടുംബങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്നത് ഭൂകമ്പങ്ങളാണ്. കൂട്ടുകുടുംബ സംമ്പ്രദായത്തിൽ  നിന്നും നാം ‘ഞാനും നീയും’ എന്നിടത്തേക്ക് എത്തുമ്പോൾ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ഉറച്ച ബന്ധത്തിന് കോട്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. രാത്രി അത്താഴത്തിനായി മാത്രം വീട്ടിലെത്തുന്ന ഉദ്യോഗസ്ഥരായ രക്ഷിതാക്കളും, ഏറ്റവും അടുത്ത ചങ്ങാതി ആരെന്ന ചോദ്യത്തിന് ‘ഡോറയും പൂചിയും’ എന്ന മറുപടി പറയുന്ന അഞ്ചു വയസ്സുകാരുമെല്ലാം ഇന്ന് കേരളം സമൂഹത്തിൽ സുലഭമാണ്. 

ആധുനിക കുടുംബജീവിതം ഏറെ സമ്മർദ്ദം  നിറഞ്ഞതാണ്; ഈ പ്രയാസങ്ങളെയെല്ലാം ഒരു കണക്കിന് പറഞ്ഞയക്കുമ്പോളേക്കും നമ്മുടെ കുട്ടികൾ നമ്മുടെതല്ലാതായി തീരുന്നു. ആത്യന്തികമായി, മാതാപിതാക്കളെല്ലാം തന്നെ തങ്ങളുടെ കുട്ടികൾ ഏറ്റവും മികച്ചവരാകണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.  എന്നാൽ ഇതിന് മറ്റെന്തിനേക്കാളും ആവശ്യം നമ്മുടെ സമയവും സാമീപ്യവുമാണെന്ന കാര്യം നാം വിസ്മരിക്കുന്നു.

കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്ന ഒന്നാണ് രക്ഷാകർതൃ-കുട്ടി ബന്ധം. ഈ ബന്ധം കുട്ടിയുടെ വ്യക്തിത്വത്തിനും പെരുമാറ്റത്തിനും അടിത്തറയിടുന്നു. പലപ്പോഴും നമ്മുടെ മാനസികമായ പ്രയാസങ്ങളെ കുറിച് പഠിക്കുമ്പോൾ രക്ഷിതാക്കളുമായുള്ള ബന്ധം ചർച്ച ചെയ്യപ്പെടുന്നതും ഇത് കൊണ്ട് തന്നെ. ചുരുക്കി പറഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ മകന്റെ അല്ലെങ്കിൽ മകളുടെ കേവലം ‘രക്ഷിതാവല്ല’- അവർക്ക് ഒരു പ്രയാസം വരുമ്പോൾ അവരെ രക്ഷപ്പെടുത്തുക എന്നത് മാത്രമല്ല നിങ്ങളുടെ കർത്തവ്യം- നിങ്ങൾ അവരുടെ റോൾ മോഡലുകൾ കൂടെയാണ്. നിങ്ങളിൽ നിന്നും അവർക്ക് കിട്ടിയിട്ടുള്ളത് നിങ്ങളുടെ നീല കണ്ണുകളും ചുരുണ്ട മുടിയും മാത്രമല്ല; നിങ്ങൾ ആളുകളോട് പെരുമാറുന്ന രീതിയും, ഫോണിൽ ചിലവഴിക്കുന്ന സമയവുമെല്ലാം അവരെ സ്വാധീനിക്കുന്നുണ്ട്.

താഴെ കൊടുത്തിട്ടുള്ള ചില കണ്ടെത്തലുകൾ വിഷയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നവയാണ്:

  • മാതാപിതാക്കളോട് ആരോഗ്യകരമായ അടുപ്പം കണ്ടെത്താൻ കഴിയുന്ന കുട്ടികൾക്ക് ഭാവിയിൽ മറ്റുള്ളവരുമായും ഊഷ്മളമായ ബന്ധങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിയുന്നു.
  • മാതാപിതാക്കളുമായി സുരക്ഷിതമായ ബന്ധമുള്ള ഒരു കുട്ടി സമ്മർദ്ദത്തിലും പ്രയാസകരമായ സാഹചര്യങ്ങളിലും വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കുന്നു.
  • രക്ഷിതാക്കളുടെ സാമീപ്യവും അവരുമായുള്ള തുടർച്ചയായ സംഭാഷണങ്ങളും കുട്ടിയുടെ മാനസികവും ഭാഷാപരവും വൈകാരികവുമായ വികസനം ഉറപ്പു വരുത്തുന്നു.രക്ഷിതാക്കളുടെ സാമീപ്യവും അവരുമായുള്ള തുടർച്ചയായ സംഭാഷണങ്ങളും കുട്ടിയുടെ മാനസികവും ഭാഷാപരവും വൈകാരികവുമായ വികസനം ഉറപ്പു വരുത്തുന്നു.
  • ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമുള്ള പെരുമാറ്റശൈലി കൈമുതലാക്കാൻ രക്ഷിതാക്കളുടെ ഇടപെടലുകൾ അനിവാര്യമാണ്.
  • കുട്ടിയുടെ ദൈനംദിന ജീവിതത്തിൽ മാതാപിതാക്കൾ കൊണ്ട് വരുന്ന കൃത്യനിഷ്ഠതയും ക്രമീകരണവും കുട്ടിയുടെ ജീവിതത്തിലുടനീളം പ്രതിഫലിക്കും.

മാസത്തിലൊരിക്കൽ കൊണ്ട് വരുന്ന മഞ്ച് മിഠായിയെക്കാളും, പിറന്നാളിന് വാങ്ങി കൊടുക്കുന്ന കണ്ണ് മഞ്ഞളിപ്പിക്കുന്ന കളർ കുപ്പായത്തേക്കാളും നിങ്ങളുടെ മക്കൾക്ക് ആവശ്യം നിങ്ങളുടെ സമയവും പരിഗണനയുമാണ്. എന്ത് തിരക്കുകളുണ്ടെങ്കിലും അൽപ്പം സമയം നമ്മുടെ മക്കൾക്കായി നമുക്ക് മാറ്റി വെക്കാം- ഒരു പക്ഷെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ അതിന് സാധിച്ചേക്കും.